ബംഗളൂരു: യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തമിഴ്‌നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ബംഗളൂരു സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. അകന്ന ബന്ധുവും വീട്ടുജോലിക്കാരിയുമായ പതിനഞ്ചുകാരി സുനൈനയെയാണ് കൊലപ്പെടുത്തിയത്. വീട്ടുടമസ്ഥയായ അശ്വിനി പാട്ടീലുമായി വഴക്കിട്ട സുനൈനയെ മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി, തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ അശ്വിനിയെയും ഭര്‍ത്താവ് അഭിനേഷ് സാഗുവിനെയും പൊലീസ് റിമാന്‍ഡ് ചെയ്തു.
സേലം അവരംഗപാളയത്ത് നിന്ന് സുനൈനയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത് ഒക്ടോബര്‍ ആദ്യമാണ്. റോഡിനോട് ചേര്‍ന്ന കലുങ്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടുകൂടി സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് വ്യക്തമായത്. നാല് ദിവസത്തില്‍ കൂടുതല്‍ മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നു. പിന്നീട് പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.