യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോഗിക ആശയവിനിമയം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായല്ല ഇത്തരത്തില്‍ ഒരു ധാരണ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടുകള്‍ കേന്ദ്രം തള്ളിയത്. സനയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതെന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്.
കാന്തപുരം എ.പി അബൂബക്കള്‍ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനമായത്. നേരത്തെ നീട്ടിവെച്ച വധശിക്ഷയാണ് പൂര്‍ണമായി റദ്ദ് ചെയ്തത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങള്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുകയെന്നാണ് അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്.
നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.