തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കും. ആഗോള തലത്തില്‍ ഇന്നാണ് പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാല്‍ സ്‌കൂളുകള്‍ അവധിയായിരുന്നു. അതിനാല്‍ തന്നെ സംസ്ഥാന തലത്തില്‍ സ്‌കൂളുകളില്‍ പതിവായി നടത്തുന്ന പരിസ്ഥിതി ദിനാചരണം ഇന്ന് നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാളെ (ജൂണ്‍ 6 – തിങ്കളാഴ്ച) സ്‌കൂളുകളില്‍ പരിസ്ഥിതി ദിനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്.
‘ഒരേയൊരു ഭൂമി’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം. സംസ്ഥാനത്ത് കുട്ടികളില്‍ ഈ സന്ദേശം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രിയായ വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൃക്ഷ തൈ നടുന്നതടക്കമുള്ള കാര്യങ്ങള്‍ സ്‌കൂളുകളില്‍ നടത്താം.