പാലക്കാട്: പാലക്കാട് നഗരത്തിലെ ഫ്‌ലാറ്റില്‍ പാലുകാച്ചി താമസം ആരംഭിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു
കുന്നത്തൂര്‍മേട്ടിലെ ഫ്‌ലാറ്റിന്റെ പേര് രാഹുല്‍ മാങ്കൂട്ടത്തില്‍, പേരിനൊപ്പം എംഎല്‍എ എന്നുകൂടി എഴുതി ചേര്‍ക്കാന്‍ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം. പുതിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. ഇനി പാലക്കാടുണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നീക്കം. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തിയ ശേഷമാണ് രാഹുല്‍ വീടിന്റെ പാല് കാച്ചലിനും നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനും എത്തിയത്.
പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് തനിക്ക് സ്വന്തമാക്കാന്‍ പറ്റുന്നതല്ലെന്ന് രാഹുലിന്റെ മറുപടി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം പാലക്കാടേക്ക് താമസം മാറാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഓരോ വോട്ടും പാലക്കാട് മണ്ഡലത്തില്‍ ഉറപ്പിക്കാന്‍ ഓടിനടന്നു വോട്ടു തേടുകയാണു രാഹുല്‍ മാങ്കൂട്ടത്തില്‍.