ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി എം.എസ്. സൊല്യൂഷന്‍സ് CEO ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനിടെ കേസിലെ രണ്ടാം പ്രതിയായ അധ്യാപകന്‍ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവര്‍ക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, എം.എസ്. സൊല്യൂഷന്‍സിനെ തകര്‍ക്കാന്‍ പ്രധാന സ്ഥാപനം ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസെന്നും ഷുഹൈബ് ആരോപിച്ചു. ചോദ്യപേപ്പര്‍ കൈപ്പറ്റിയ അധ്യാപകന്‍ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണ്. തെളിവുകള്‍ കൈവശമുണ്ടെന്നും കേസിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഷുഹൈബ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം.എസ്. സൊല്യൂഷന്‍സിലൂടെ ചോര്‍ന്നതിലാണ് കേസ് അന്വേഷണം തുടരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും നടപടികള്‍ തുടങ്ങി. വകുപ്പ് തല നടപടികള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.
എംഎസ് സൊല്യൂഷന്‍സിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസര്‍ എം.എസ്. സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത് അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ വാട്‌സാപ്പിലൂടെ ചോര്‍ത്തിയതെന്നാണ് വിവരം.