സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) നിന്നുള്ള രാജിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി നടി അൻസിബ ഹസൻ. നടൻ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. ടിനി ടോം തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും തന്നെ ‘മതതീവ്രവാദി’യാക്കാൻ ശ്രമിച്ചെന്നും അൻസിബ തുറന്നടിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ഫെബ്രുവരി 21-ന് സംഘടനയിൽ നിന്ന് രാജിവെച്ചതെന്നും താരം വെളിപ്പെടുത്തി.
‘അമ്മ’ സംഘടനയിൽ താൻ നേരിട്ട കടുത്ത അവഗണനകളും വ്യക്തിഹത്യകളുമാണ് അൻസിബ ഹസൻ ഇപ്പോൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരിക്കുന്നത്. താൻ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ തനിക്കെതിരെ നീക്കങ്ങൾ തുടങ്ങിയതായി അൻസിബ പറയുന്നു. ഒരു കമ്മിറ്റിയാകുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അതിനെ ചിലർ വ്യക്തിപരമായി എടുത്തെന്നുമാണ് അൻസിബയുടെ ആക്ഷേപം.
ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ താൻ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന രീതിയിൽ ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ചു. ഒരു സ്ത്രീയെ തകർക്കാൻ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നതാണ് എളുപ്പവഴി എന്ന് കണ്ടാണ് ചിലർ തനിക്കെതിരെ നീങ്ങിയത്. ടിനി ടോം ഇത്തരത്തിൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി നീന കുറുപ്പാണ് തന്നോട് പറഞ്ഞതെന്നും അൻസിബ വെളിപ്പെടുത്തി.
സംഘടനയുടെ കുടുംബസംഗമം നടക്കുന്നതിന്റെ തലേന്ന് നീന കുറുപ്പിനെ ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും അൻസിബ ആരോപിച്ചു. അസഭ്യവാക്കുകൾ ഉൾപ്പെടുത്തി നീന കുറുപ്പ് ‘അമ്മ’ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. സംഘടനയ്ക്ക് ചീത്തപ്പേരാകുമെന്നും തന്റെ കരിയറിനെ ബാധിക്കുമെന്നും കരുതിയാണ് ഇത്രയും നാൾ പുറത്തുപറയാതിരുന്നത്. എന്നാൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ പോലും ആളുകൾ ഇതേക്കുറിച്ച് ചോദിച്ചു തുടങ്ങിയതോടെയാണ് തുറന്നുപറയാൻ നിർബന്ധിതയായത്.
കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഒരു മതസ്ഥാപനത്തിന്റെ പേര് വന്നപ്പോൾ താൻ അതിനെ എതിർത്തതാണ് ടിനി ടോമിന് തന്നോട് ദേഷ്യം തോന്നാൻ കാരണം. അന്ന് മുതൽ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം തുടങ്ങി.
കടുത്ത മാനസിക സമ്മർദ്ദവും ട്രോമയും കാരണമാണ് താൻ രാജി കത്ത് നൽകിയത്. ജോലിത്തിരക്ക് കാരണമാണ് രാജിവെയ്ക്കുന്നതെന്ന് കത്തിൽ എഴുതിയെങ്കിലും യഥാർത്ഥ കാരണം ടിനി ടോമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോനോടും സെക്രട്ടറിയോടും വ്യക്തമാക്കിയിരുന്നു. ടിനി ടോം തന്നെ മതതീവ്രവാദിയാക്കിയെന്ന് അറിഞ്ഞുകൊണ്ട് ഇനി സംഘടനയിൽ തുടരാൻ പറ്റില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നും വൈകാരികമായി അൻസിബ ഹസൻ കൂട്ടിച്ചേർത്തു.




