സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് വൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തുഫാൻ – ദ നർക്കോ ഹണ്ട്’ എന്ന പേരിൽ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലഹരി മാഫിയയെയും നിയമലംഘകരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെ പൂർണ്ണമായും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും കൂട്ടിച്ചേർത്തു. ഡി.ജി.പിയും പോലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആഭ്യന്തര വകുപ്പിൽ സമൂലമായ മാറ്റങ്ങൾക്കാണ് പുതിയ മന്ത്രി തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളുടെയും പ്രവർത്തന ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനുകളിൽ ആര് ചെന്നാലും ‘ഗുഡ് മോണിംഗ്’ പറഞ്ഞ് സ്വീകരിക്കുന്ന രീതി നടപ്പിലാക്കും. പരാതികൾ സമചിത്തതയോടെ കേൾക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും. സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം അവിടെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും നടപടിയുണ്ടാകും.
പോലീസ് സേനയെ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ലഹരി മാഫിയയെ കർശനമായി നേരിടുന്നതിനായി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തുഫാൻ’ പദ്ധതിയുടെ വിജയത്തിനായി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം മന്ത്രി അഭ്യർത്ഥിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക മുൻഗണന നൽകുമെന്നും, നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർശനമായ നടപടികളുണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രി ഉറപ്പുനൽകി.
വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെ ക്രമസമാധാന പരിപാലനത്തിലും ലഹരി വിരുദ്ധ പോരാട്ടത്തിലും ഒരേപോലെ ശക്തമായ ഇടപെടലുകളുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ആദ്യ വാർത്താസമ്മേളനത്തിലൂടെ ആഭ്യന്തര മന്ത്രി നൽകുന്നത്.




