സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രശസ്ത നടൻ ജഗദീഷ്. പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ നിലവിൽ അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താല്പര്യമെന്നും ജഗദീഷ് വ്യക്തമാക്കി. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ റസൂൽ പൂക്കുട്ടി അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനായി ജഗദീഷിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് നടൻ ജഗദീഷ് പ്രതികരിച്ചു. എന്നാൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരം ഒരു പദവി ഏറ്റെടുക്കുന്നതിൽ അർത്ഥമുള്ളൂ. സിനിമ മേഖലയിൽ തന്നെ യോഗ്യരായ നിരവധി പേരുണ്ടെന്നും എന്നാൽ താൻ ആരുടെയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തിലാണ് മുൻ ചെയർമാൻ റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. സ്ഥാനത്ത് തുടരാൻ പുതിയ യു.ഡി.എഫ് സർക്കാർ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നതുമില്ല.
റസൂൽ പൂക്കുട്ടി ഒഴിഞ്ഞ സ്ഥാനത്തേക്ക് പുതിയ ചെയർമാനെ കണ്ടെത്താനുള്ള സജീവ ചർച്ചകളിലാണ് സർക്കാർ. ജഗദീഷ് പിന്മാറിയെങ്കിലും കോൺഗ്രസ് അനുഭാവം പരസ്യമാക്കിയ പ്രമുഖ നടൻ സലീം കുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്ന നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനുപുറമേ, മുൻപ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രേംകുമാറിന്റെ പേരും പരിഗണിക്കണമെന്ന ആവശ്യവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യം കൂടിയായ സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, മുഖ്യമന്ത്രിയുടെ കൂടി താല്പര്യം അറിഞ്ഞാകും അക്കാദമി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വരും ദിവസങ്ങളിൽ തന്നെ പുതിയ ചെയർമാന്റെ പ്രഖ്യാപനം ഉണ്ടായേക്കും.




