ഷോർട്ട് സർക്യൂട്ടല്ല; ചെറുവണ്ണൂരിൽ ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ!

കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. മരിച്ച സോന തന്നെയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സൂചന. യുവതി പെട്രോളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ചെറുവണ്ണൂർ കാർ തീപിടിത്തക്കേസിൽ ദുരൂഹതയേറ്റി പെട്രോളിന്റെ സാന്നിധ്യം. പാലേരി കല്ലിക്കണ്ടി സ്വദേശിനി ഇരുപത്തിയേഴുകാരിയായ സോനയാണ് കഴിഞ്ഞദിവസം കാറിനുള്ളിൽ പൊള്ളലേറ്റ് മരിച്ചത്. കേസിൽ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. കാറിന്റെ പിന്‍സീറ്റും മുന്‍ഭാഗവും പൂര്‍ണമായും കത്തിയപ്പോഴും ബോണറ്റില്‍ തീപടരാതിരുന്നതാണ് സംശയം വർദ്ധിപ്പിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. സോന പെട്രോളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ ശ്രമമാണോ എന്ന കാര്യമുൾപ്പെടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, സംഭവത്തിൽ സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് ബന്ധുക്കൾ. ഗൾഫിലായിരുന്ന ഭർത്താവ് രജിനുമായി സമൂഹമാധ്യമത്തിലൂടെയുള്ള പ്രണയത്തിനൊടുവിൽ 2023-ലായിരുന്നു സോനയുടെ രജിസ്റ്റർ വിവാഹം. വിവാഹത്തിന് മുൻപും ഭർതൃവീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സോന ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്തിയാണ് വിവാഹം കഴിച്ചത്.

ഗർഭിണിയായ ശേഷവും ഭർതൃവീട്ടിൽ കടുത്ത മാനസിക സമ്മർദമുണ്ടെന്ന് സോന ബന്ധുവിനോട് പറഞ്ഞിരുന്നതായും, ഇതാണ് കൊലപാതകമെന്ന സംശയത്തിന് കാരണമെന്നും അമ്മാവൻ സത്യൻ പറയുന്നു. അപകടത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ബേൺസ് ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനാൽ ആന്തരിക അവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കാറിനുള്ളിൽ നിന്ന് ലഭിച്ച മൊബൈൽ, ബാഗിന്റെ അവശിഷ്ടങ്ങൾ തുടങ്ങിയവയെല്ലാം നിലവിൽ ഫോറൻസിക് പരിശോധനയിലാണ്.

spot_img

Related news

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനും ദേവസ്വങ്ങൾക്കും നോട്ടീസ്; ജൂൺ 16-നകം മറുപടി നൽകണം

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു....

മന്ത്രിമാർക്ക് വസതികളായി; തർക്കങ്ങൾക്കൊടുവിൽ പമ്പയിൽ ചെന്നിത്തല, സാനഡുവിൽ മുരളീധരൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക്...

ഇന്ധനവിലക്കയറ്റത്തിൽ പൊറുതിമുട്ടി ഡൽഹി; വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം ഓട്ടോ-ടാക്സി പണിമുടക്ക്

തുടർച്ചയായുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ഓട്ടോ-ടാക്സി ജീവനക്കാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച...

‘ഫിഷറീസ് വേണ്ട, ഉന്നത വിദ്യാഭ്യാസം തന്നെ വേണം’; ലീഗ് നേതൃത്വത്തിന് മേൽ അധ്യാപകരുടെയും ഗവേഷകരുടെയും വൻ സമ്മർദ്ദം!

സംസ്ഥാന മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് തന്നെ നിലനിർത്തണമെന്ന...