മന്ത്രിമാർക്കുള്ള ഔദ്യോഗിക വാഹനങ്ങളിൽ ഇത്തവണയും ‘പതിമൂന്നാം നമ്പർ’ ശാപം തുടരുന്നു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളാരും തന്നെ 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. മന്ത്രിമാർ ആരും ഈ വാഹനം എടുത്തില്ലെങ്കിൽ ടൂറിസം വകുപ്പിന്റെ പൊതു ആവശ്യങ്ങൾക്കായി ഈ കാർ ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.
കഴിഞ്ഞ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് ആയിരുന്നു തന്റേടത്തോടെ 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ ഈ നമ്പറിനോട് മന്ത്രിമാർക്കൊക്കെ വിമുഖതയാണെന്നാണ് സൂചന.
ഭരണഘടനയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് പലപ്പോഴും 13-ാം നമ്പറിനോടുള്ള ഈ പേടി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മുൻപ് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കും 13-ാം നമ്പർ കാർ ബോധപൂർവ്വം ചോദിച്ചുവാങ്ങി മാതൃക കാട്ടിയ ചരിത്രമുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിലും ആരും ഈ കാർ എടുക്കാൻ തയ്യാറായിരുന്നില്ല. ഇത് വലിയ രീതിയിൽ വാർത്തയായതോടെയാണ് തോമസ് ഐസക്ക് കാർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. അന്ന് അദ്ദേഹത്തോടൊപ്പം മന്ത്രിമാരായിരുന്ന വി.എസ്. സുനിൽകുമാറും കെ.ടി. ജലീലും കാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ എം.എ. ബേബിക്കും തോമസ് ഐസക്കിനും ഇടയിൽ വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു മന്ത്രിപോലും ഈ നമ്പർ തൊടാൻ തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.




