ഡല്‍ഹി ഗതാഗതമന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും മന്ത്രിസ്ഥാനവും രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, സമീപകാല വിവാദങ്ങളും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലെ ക്രമക്കേടുകളും രാജിക്കത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ജനങ്ങളുടെ അവകാശങ്ങള്‍ക്ക് പകരം, സ്വന്തം അജണ്ടക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ആരോപണം. യമുന ശുദ്ധീകരണം അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. ഭൂരിഭാഗം സമയവും കേന്ദ്രവുമായി ഡല്‍ഹി സര്‍ക്കാര്‍ പോരാടിയാല്‍ ഡല്‍ഹിക്ക് യഥാര്‍ഥ പുരോഗതി ഉണ്ടാകില്ലെന്നും രാജി കത്തില്‍ ചൂണ്ടിക്കാട്ടി.
കെജ്രിവാളിന്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാന്‍ ബിജെപി ഉപയോഗിക്കുന്ന പദമായ ”ശീഷ്മഹല്‍” പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി വിവാദങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് ഇത്തരം വിവാദങ്ങള്‍ എത്തിക്കുന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഞാന്‍ എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത് ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ്, അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പിന്മാറുകയല്ലാതെ അതിന് മറ്റ് വഴികളില്ലെന്നും ഗെഹ്ലോട്ട് രാജി കത്തില്‍ പറയുന്നു.