ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ചിൽ തുടങ്ങിയ രോഗവ്യാപനത്തിൽ ഇതുവരെ 250-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 64 ജില്ലകളിൽ 58-ലും രോഗം പടർന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
ബംഗ്ലാദേശിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിരോധ വാക്സിനേഷൻ നൽകുന്നതിൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോഗ്യ സംഘടനകളുടെ വിലയിരുത്തൽ. 2023 വരെ 90 ശതമാനത്തിന് മുകളിലായിരുന്ന വാക്സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും കോവിഡുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അഞ്ചാംപനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും ഇടക്കാല സർക്കാരിലെ അംഗങ്ങൾക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചു. മുഹമ്മദ് യൂനുസിനും സംഘത്തിനും യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാം സുപ്രീം കോടതിയിൽ ഹർജി നൽകി. സർക്കാർ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷൻ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള നീക്കവും ഭരണപരമായ പരാജയങ്ങളുമാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
രൂക്ഷമായ ആരോഗ്യപ്രതിസന്ധിക്കൊപ്പം വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ഭരണഘടനാപരമായ വെല്ലുവിളികൾക്കുമാണ് ബംഗ്ലാദേശ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.




