കുറ്റിപ്പുറം: നഗരത്തില്‍ ഇറങ്ങി നടക്കണമെങ്കില്‍ വടി കരുതേണ്ട സ്ഥിതി. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമായി ഒന്നര ഡസനോളം നായ്ക്കളാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. പകല്‍ സമയവും പ്ലാറ്റ്‌ഫോമില്‍ നായ്ക്കളെ കാണാം. ബസ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ബസുകളുടെ അടിയിലും കാണാം. തെക്കെ അങ്ങാടിയിലും റെയില്‍വെ മേല്‍പ്പാലം പരിസരങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും നായ്ക്കള്‍ തമ്പടിച്ചിരിക്കയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രാത്രിയാകുന്നതോടെ തെരുവുനായ്ക്കളുടെ കൂട്ടമാണ്.
ഇവിടെ ആവശ്യത്തിനു വെളിച്ചവുമില്ല. നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. കാങ്കപ്പുഴ കടവിനടുത്ത് വ.ഹോമിയോ ആശുപത്രിക്കു സമീപം കഴിഞ്ഞ ദിവസം ഒരാള്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഹൈവെ ജംക്ഷനില്‍ കാല്‍നടയാത്രക്കാരുടെ പിറകേ നായ്ക്കള്‍ ഓടുകയുമുണ്ടായി. കനത്ത മഴയില്‍ ഹൈവെ മേല്‍പ്പാലത്തിനടിയിലും നായക്കള്‍ കൂട്ടം കൂടുക പതിവാണ്. രാത്രി കടകള്‍ അടച്ചാല്‍ അവിടെയും നായ്ക്കളുടെ വിളയാട്ടമാണ്.