കടലിളകി വന്നാലും നിലപാടിൽ നിന്ന് കടുകിട പിന്നോട്ടില്ലാത്ത ഉറച്ച ശൈലി. തേച്ചുമിനുക്കിയ ചിന്തകളും കൃത്യമായ രാഷ്ട്രീയ ലക്ഷ്യബോധവും. വടശേരി ദാമോദര മേനോൻ സതീശൻ അഥവാ വി.ഡി. സതീശൻ എന്ന പേരിനോടൊപ്പം കേരളം ഇനി ‘മുഖ്യമന്ത്രി’ എന്ന വിശേഷണം കൂടി ചേർത്തു വായിക്കും. ആരും വെള്ളിത്തളികയിൽ വെച്ചുനീട്ടിയതല്ല സതീശന് ഈ പദവി; തിരസ്കാരങ്ങളുടെയും പരാജയങ്ങളുടെയും കനൽവഴികൾ താണ്ടി പടവെട്ടിക്കയറിയതാണ് ഈ 64-കാരന്റെ ചരിത്രം.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് സഭയിലേക്ക്: നെട്ടൂരിലെ സാധാരണ കുടുംബത്തിൽ നിന്ന് തേവര സേക്രട്ട് ഹാർട്ട് കോളേജ് വഴി കെ.എസ്.യു ലൂടെയാണ് സതീശൻ രാഷ്ട്രീയത്തിലേക്ക് പിച്ചവെച്ചത്. എം.ജി സർവകലാശാല യൂണിയൻ ചെയർമാൻ വരെയായെങ്കിലും ഉയർന്ന പദവികൾ പലതും കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് നഷ്ടമായി. തുടർന്ന് ഹൈക്കോടതിയിൽ അഭിഭാഷകനായിരിക്കെ 1996-ൽ പറവൂരിൽ കന്നിപോരാട്ടം. ആദ്യവട്ടം തോറ്റെങ്കിലും സതീശൻ പിന്തിരിഞ്ഞില്ല. 2001-ൽ തിരിച്ചുപിടിച്ച പറവൂർ കോട്ടയിൽ പിന്നീട് ഇന്നുവരെ മറ്റൊരാളെ കയറ്റാൻ സതീശൻ അനുവദിച്ചിട്ടില്ല.
പാർലമെന്റേറിയൻ എന്ന കരുത്ത്: ആര്യാടൻ മുഹമ്മദിനെയും കെ.എം. മാണിയെയും പോലുള്ള അതികായന്മാർ വാണിരുന്ന സഭയിൽ, ട്രഷറി ബെഞ്ചിന്റെ പിന്നിലിരുന്ന് കൃത്യമായ വിഷയങ്ങൾ അവതരിപ്പിച്ചാണ് സതീശൻ ശ്രദ്ധിക്കപ്പെട്ടത്. 2006-ലെ ലോട്ടറി സംവാദത്തിൽ തോമസ് ഐസക്കിനെ പ്രതിരോധത്തിലാക്കിയതോടെ സതീശൻ എന്ന പോരാളിയെ കേരളം തിരിച്ചറിഞ്ഞു. 2011-ൽ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ സതീശനെ മന്ത്രിസഭയ്ക്ക് പുറത്താക്കിയെങ്കിലും അസ്വസ്ഥനാകാതെ അദ്ദേഹം ‘ഹരിത രാഷ്ട്രീയം’ ഉയർത്തിപ്പിടിച്ചു.
പ്രതിപക്ഷ നേതാവിൽ നിന്ന് ഭരണത്തലവനിലേക്ക്: 2021-ലെ കനത്ത തോൽവിക്ക് ശേഷം യു.ഡി.എഫിനെ നയിക്കാനുള്ള നിയോഗം സതീശനെ തേടിയെത്തി. തളർന്നുപോയ അണികളിൽ ആത്മവിശ്വാസം നിറയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. സമുദായ സംഘടനകളുടെ തിണ്ണനിരങ്ങാതെ, നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ അദ്ദേഹം മുന്നോട്ടുപോയി. സ്വന്തം പാർട്ടിയിലെ തെറ്റുകളെ പോലും തിരുത്താൻ കാണിച്ച ആർജ്ജവം സതീശനെ കോൺഗ്രസിന് പുറത്തും ജനപ്രിയനാക്കി.
“100 സീറ്റില്ലെങ്കിൽ രാഷ്ട്രീയ വനവാസം” എന്ന് പ്രഖ്യാപിച്ച് പടനയിച്ച സതീശൻ, ഒടുവിൽ കേരളത്തിന്റെ അധികാര സോപാനത്തിൽ എത്തിനിൽക്കുകയാണ്. പുതിയ കാലത്തെ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടത് ഉറച്ച നിലപാടുകളാണെന്ന് തെളിയിച്ച സതീശൻ, ഒരു പുതിയ കേരളത്തിനായി, ഒരു മികച്ച ടീമിനൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.




