അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം.
മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 29.2 കോടി പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 22.8 കോടി പേര്‍ കഞ്ചാവ് ഉപയോക്താക്കളും 6 കോടി പേര്‍ ഓപിയോയിഡ് ഉപയോക്താക്കളും 3 കോടി പേര്‍ ആംഫെറ്റാമൈന്‍ ഉപയോക്താക്കളുമാണ്. 2.3 കോടി പേര്‍ കൊക്കെയ്ന്‍ ഉപയോക്താക്കളും 2 കോടിയിലധികം പേര്‍ എംഡിഎംഎ ഉപയോക്താക്കളുമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.
പക്ഷേ ഇതിന്റെ പതിന്മടങ്ങ് വരും യഥാര്‍ത്ഥ കണക്ക്. ലഹരിക്കടത്ത് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സുരക്ഷാ ഭീഷണികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മാനസ്സികവും ശാരീരീകവുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. ലഹരിക്ക് അടിമപ്പെടുന്നവരെ ശിക്ഷിക്കുക എന്നതിലുപരി, അവര്‍ക്ക് ലഹരിയില്‍ നിന്ന് പുറത്തുവരാന്‍ ആവശ്യമായ സഹായവും പിന്തുണയും നല്‍കുകയാണ് വേണ്ടത്.