തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെനിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്.
ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു.ഓട്ടോ മിനിമം ചാര്‍ജ് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇതാണ് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി വര്‍ധിപ്പിച്ചത്. അധികം വരുന്ന ഓരോകിലോമീറ്ററിനും 15 രൂപയാക്കി. ഇത് നേരത്തെ 12 രൂപയായിരുന്നു.
ക്വാഡ്രിഡ് സൈക്കിളിന് നിലവിലെ നിരക്ക് ഒന്നര കിലോമീറ്റര്‍ മിനിമം ചാര്‍ജ് 30 രൂപയായിരുന്നു. ഇത് രണ്ട് കിലോമീറ്ററിന് 35 രൂപയാക്കാനും തീരുമാനിച്ചു. അധികം
വരുന്ന കിലോമീറ്ററിന് നിലവിലുള്ള 12 രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തു.
വെയ്റ്റിങ് ചാര്‍ജ് രാത്രികാല യാത്ര എന്നിവയുടെ നിരക്കില്‍ മാറ്റമില്ല. നിലവിലുള്ളത് പോലെ തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നതോടെ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍
ആവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്കു വര്‍ധനവിന് എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രി ആന്റണി രാജു വര്‍ധനവ്
പ്രഖ്യാപനം നടത്തിയത്.