യുഡിഎഫിനു മുന്നില്‍ പുതിയ ഉപാധികള്‍ വെച്ച് പി.വി അന്‍വര്‍. 2026ല്‍ ഭരണം ലഭിച്ചാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും തനിക്ക് നല്‍കണം, ഇല്ലെങ്കില്‍ വി.ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പിന്നാലെ അന്‍വറിനു മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കില്ലെന്നാണ് അന്‍വറിന്റെ നിലപാട്.
പി.വി അന്‍വറിന് മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചുവെന്ന് നേതൃത്വം പറയുമ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ ഇന്ന് ഒന്‍പതു മണി വരെ വിളിച്ചു എന്നാണ് അന്‍വര്‍ പറയുന്നത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കില്ല. തന്നെ മത്സരിക്കാന്‍ നിര്‍ബന്ധിതനാക്കിയത് വി.ഡി സതീശന്‍ ആണ്. പ്രതിപക്ഷ നേതാവ് മുക്കാല്‍ പിണറായിയാണെന്നും അന്‍വര്‍ പരിഹസിച്ചു.
നാവിന്‍ തുമ്പില്‍ ഉണ്ടെങ്കിലും അന്‍വറിനു മറുപടിയില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി. പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു എന്നാണ് വി.ടി ബലറാമിന്റെ പരിഹാസം.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. പി.വി അന്‍വര്‍ മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമോ എന്ന് ഇന്നറിയാം. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണെങ്കില്‍ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പി.വി അന്‍വര്‍ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അന്‍വര്‍ പ്രതീക്ഷിക്കുന്നത്.