നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികള്‍. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ന് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. പി.വി അന്‍വറും അവസാന ലാപ്പില്‍ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇന്നലെ രംഗത്തിറങ്ങിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും നടന്നിരുന്നു. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.
യൂസഫ് പത്താനുമായുള്ള പി.വി അന്‍വറിന്റെ റോഡ് ഷോ ശക്തി പ്രകടനം ആയി മാറി. വഴിക്കടവ് വരെ നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കനത്ത മഴയേയും അവഗണിച്ച് മുന്നണി ക്യാമ്പുകളെ ഇളക്കിമറിക്കുന്നതായി മാറുകയാണ് കൊട്ടിക്കലാശത്തിന് മുന്‍പുള്ള അവസാന മണിക്കൂറുകള്‍.