മലപ്പുറം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുമ്പോഴും വാക്സിനേഷനോട് താത്പര്യം പ്രകടിപ്പിക്കാതെ ജില്ല. കൗമാരക്കാരുടെയും കുട്ടികളുടെയും വാക്സിനേഷനില്‍ ഏറെ പിന്നിലാണ്. നോമ്പിന് പിന്നാലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. നാലാംതരംഗത്തിന് സാദ്ധ്യത നിലനില്‍ക്കെ അടുത്ത മാസത്തോടെ കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. ജില്ലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനുകള്‍ കെട്ടിക്കിടക്കുകയാണ്.
12നും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് ജില്ലയില്‍ ആവശ്യക്കാര്‍ തീരെ കുറവാണ്. ഈ പ്രായപരിധിയില്‍ 2,02,296 കുട്ടികളാണ് ജില്ലയിലുള്ളത്. ഇതില്‍ 10,045 കുട്ടികളാണ് ഇന്നലെ വരെ ഫസ്റ്റ് ഡോസ് എടുത്തത്. 5 ശതമാനം പേര്‍ മാത്രം. സെക്കന്റ് ഡോസെടുത്തത് 570 കുട്ടികളും. ഫസ്റ്റ് ഡോസ് എടുത്തതിന്റെ ആറ് ശതമാനം പേര്‍ മാത്രം. കോര്‍ബെവാക്സ് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 1,11,860 ഡോസ് വാക്സിന്‍ ജില്ലയില്‍ സ്റ്റോക്കുണ്ട്. സ്‌കൂള്‍ അവധിയാണ് വാക്സിനേഷന് തിരിച്ചടിയായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു 15നും 17 വയസിനും ഇടയിലുള്ളവര്‍ക്ക് കൂടുതലായും വാക്‌സിന്‍ നല്‍കിയിരുന്നത്. 12 – 14 വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായത് പരീക്ഷാ കാലത്താണ്. ഇതിനുപിന്നാലെ സ്‌കൂളുകള്‍ വേനലവധിക്ക് അടക്കുകയും ചെയ്തു.
15നും 17നും ഇടയില്‍ ജില്ലയില്‍ 2,25,081 പേരാണുള്ളത്. ഇതില്‍ 79 ശതമാനം പേര്‍ ഫസ്റ്റ് ഡോസ് എടുത്തിട്ടുണ്ട്. 1,77,009 പേര്‍. എന്നാല്‍ സെക്കന്റ് ഡോസ് എടുത്തത് 41 ശതമാനം പേര്‍ മാത്രമാണ്. 72,447 പേര്‍. 10,000 ഡോസ് വാക്സിന്‍ മൂന്നാഴ്ചയായി വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഒരുദിവസം പരമാവധി 100 മുതല്‍ 120 വരെ ഡോസ് വാക്സിനേ ആവശ്യക്കാരുള്ളൂ. ഇന്നലെ ആകെ 15 പേരാണ് ഫസ്റ്റ് ഡോസെടുത്തത്. 16 പേര്‍ സെക്കന്റ് ഡോസും.