ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന മാതാവിനെ സന്ദർശിക്കുന്നതിനായാണ് കോടതി ഇളവ് അനുവദിച്ചത്.
വർഷങ്ങളായി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. മാതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 15 ദിവസത്തെ ഇടക്കാല ജാമ്യത്തിനാണ് ഉമർ ഖാലിദ് അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി മൂന്ന് ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. ജസ്റ്റിസുമാരായ പ്രതിബ എം. സിംഗ്, മധു ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ദിവസം വിചാരണ കോടതി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ പശ്ചാത്തലം:
- 2020-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (CAA) പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിലാണ് കേസ്.
- ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്കെതിരെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി.
- ജനുവരിയിൽ ഇരുവർക്കും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു.
കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് ജനുവരിയിൽ സുപ്രീം കോടതി ഉമർ ഖാലിദിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ കേസിൽ പ്രതിയായ ഷർജീൽ ഇമാം പിന്നീട് 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉമർ ഖാലിദിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
കർശന ഉപാധികളോടെയായിരിക്കും ഉമർ ഖാലിദിന്റെ മൂന്ന് ദിവസത്തെ ജാമ്യകാലയളവ്. ഇതിന് ശേഷം അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങേണ്ടിവരും.




