വാഷിങ്ടൻ∙ ട്വിറ്ററിൽ വീണ്ടും പരിഷ്കാരവുമായി സിഇഒ ഇലോൺ മസ്ക്. ഇത്തവണ ലോഗോ മാറ്റിയാണ് മസ്കിന്റെ ‘വിപ്ലവം’. ട്വിറ്ററിന്റെ പ്രശസ്തമായ ‘നീലക്കിളി’ ലോഗോയാണ് മസ്ക് മാറ്റിയത്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ.മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം. മൊബൈൽ ആപ്പിൽ നിലവിൽ മാറ്റമില്ല. 2013ൽ തമാശയായി സൃഷ്ടിച്ചതാണ് ഈ ‘നായ മീം’.
ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതും ട്രാഫിക് പൊലീസിനെ തന്റെ ലൈസന്‍സ് കാണിക്കുകയും ചെയ്യുന്നു. അതിൽ ഒരു നീല പക്ഷിയുടെ ഫോട്ടോയുണ്ട്. തുടർന്ന് ട്രാഫിക് പൊലീസിനോട് ഇതൊരു പഴയ ഫോട്ടോയാണെന്ന് നായ പറയുന്നതായ ഒരു ചിത്രവും മസ്ക് ട്വീറ്റ് ചെയ്തു.
കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ട്വിറ്റർ ഉപയോക്താവുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും മസ്‌ക് പങ്കിട്ടു. പുതിയ പ്ലാറ്റ്ഫോം ആവശ്യമുണ്ടോയെന്ന് ഈ സ്‌ക്രീന്‍ ഷോട്ടില്‍ ഇട്ട പോസ്റ്റില്‍ മസ്‌ക് ചോദിച്ചിട്ടുണ്ട്. അതിന് പകരം മസ്‌ക് ട്വിറ്റർ വാങ്ങണമെന്നും പക്ഷിയുടെ ലോഗോക്ക് പകരം നായ എന്നെഴുതാനും ഉപയോക്താവ് നിർദ്ദേശിച്ചിരുന്നു.ലോഗോ മാറ്റത്തെക്കുറിച്ച രസകരമാണ് ട്വീറ്റുകളും ഇലോൺ മസ്ക് പങ്കുവച്ചിട്ടുണ്ട്.