മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി. ജൂൺ എട്ടുമുതൽ പതിനെട്ടുവരെയുള്ള യു എസ്, ക്യൂബ സന്ദർശനങ്ങൾക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദർശനത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലോക കേരളസഭയുടെ പ്രവാസി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി യു എസിലേയ്ക്ക് പോകുന്നത്.
യു എസ് സന്ദർശനത്തിൽ ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സ്‌പീക്കർ എ എൻ ഷംസീർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം തുടങ്ങിയവരും ഐ എ എസ് ഉദ്യോഗസ്ഥരും വിദേശ യാത്രാ സംഘത്തിലുണ്ട്. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നടക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനത്തിൽ മന്ത്രി വീണാ ജോർജ്, പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുമുണ്ടാകും.