എടപ്പാള്‍:കശ്മീരിനെ കുറിച്ചുള്ള കെ.ടി ജലീല്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തി. എടപ്പാളിലെ ഓഫീസിന്റെ ഷട്ടറുകളിലും ബോര്‍ഡുകളിലുമാണ് കരി ഓയില്‍ ഒഴിച്ചത്. ഷട്ടറില്‍ നോട്ടീസും ഒട്ടിച്ചിട്ടുണ്ട്.കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് വന്‍ പ്രതിഷേധം ഉയര്‍ന്നത്.
പാകിസ്താന്‍ പിടിച്ചെടുത്ത കശ്മീര്‍ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീര്‍ എന്നുമായിരുന്നു ജലീലിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെതിയതോടെ ജലീല്‍ പരാമര്‍ശം ഒഴിവാക്കി.
മുന്‍മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായ നിയമസഭാ പ്രവാസികാര്യ സ്ഥിരം സമിതിയില്‍ അംഗമായ ജലീല്‍, സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് ശ്രീനഗറിലെത്തിയപ്പോഴാണ് വിവാദത്തിന് കാരണമായ പോസ്റ്റിട്ടത്. വിവാദമായതോടെ അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജലീലിന്റെ പരാമര്‍ശങ്ങള്‍ അപമാനകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിമര്‍ശിച്ചിരുന്നു.
തന്റെ പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധിക്കപ്പെട്ടെന്നും താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുയരുകയും ചെയ്തു.