അമ്പലപ്പുഴ: അതീവ ഗുരുതരാവസ്ഥയിലും മാസം തികയാതെയും ജനിച്ച നവജാതശിശുവിന് വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി ആലപ്പുഴ സർക്കാർ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി. ജന്മനാ ഗുരുതരമായ ഡയഫ്രാമാറ്റിക് ഹെർണിയ ബാധിച്ച ആൺകുഞ്ഞിനാണ് അടിയന്തര ശസ്ത്രക്രിയയിലൂടെയും തീവ്രപരിചരണത്തിലൂടെയും ജീവൻ തിരികെ ലഭിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് തുടർസംരക്ഷണത്തിനായി ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് കൈമാറി.
ഗർഭകാല പരിശോധനകളൊന്നും നടത്താതിരുന്ന അമ്മയ്ക്ക് 30 മുതൽ 32 ആഴ്ച വരെ മാത്രം വളർച്ചയുള്ളപ്പോഴാണ് കുഞ്ഞ് ജനിച്ചത്. വെറും 1.3 കിലോഗ്രാം മാത്രമായിരുന്നു ജനനസമയത്തെ ഭാരം. സെപ്റ്റംബർ ഒൻപതിന് പുലർച്ചെ ജനിച്ച കുഞ്ഞിന് മണിക്കൂറുകൾക്കുള്ളിൽ കടുത്ത ശ്വാസതടസ്സവും രക്തചംക്രമണത്തിൽ അസ്ഥിരതയും അനുഭവപ്പെട്ടു. തുടർന്ന് രാവിലെ എട്ടുമണിയോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശദമായ പരിശോധനയിൽ വയറിനുള്ളിലെ അവയവങ്ങൾ നെഞ്ചിലേക്ക് തള്ളിനിൽക്കുന്ന അപൂർവവും അപകടകരവുമായ ഡയഫ്രാമാറ്റിക് ഹെർണിയ സ്ഥിരീകരിച്ചു. അടിയന്തരമായി മരുന്നുകളും കൃത്രിമ ശ്വാസസഹായവും നൽകി കുഞ്ഞിന്റെ ആരോഗ്യനില സ്ഥിരപ്പെടുത്തിയ ശേഷം അഞ്ചാം ദിവസം ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.
പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. ആതിയ പർവീൺ, ഡോ. ഷിർബിൻ ജോ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. ലിഡിയ എം.എം., ഡോ. വിഷ്ണുരാജ് ടി.ടി., ജൂനിയർ റെസിഡന്റ് ഡോ. ശ്രുതി, സ്റ്റാഫ് നഴ്സ് രാഹുൽ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി എന്നിവരും ചികിത്സാസംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണത്തിന് ഡോ. ദീപാ കൃഷ്ണൻ, ഡോ. ടിസ്സ ജോൺ, ഡോ. ഡിംപിൾ, ഡോ. വിന്ദ്യ എന്നിവർ നേതൃത്വം നൽകി.
ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം കുഞ്ഞിന്റെ കൃത്രിമ ശ്വാസസഹായം പിൻവലിച്ചു. നിലവിൽ ശരീരഭാരം വർധിക്കുന്നുണ്ടെന്നും സാധാരണ നിലയിൽ പാൽ കുടിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജീവന് ഭീഷണിയായ ഗുരുതര രോഗാവസ്ഥയെ അതിജീവിച്ച കുഞ്ഞ് ഇപ്പോൾ ആരോഗ്യനില വീണ്ടെടുക്കുകയാണ്. എന്നാൽ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ തുടർസംരക്ഷണ ചുമതല ശിശുക്ഷേമ സമിതിക്ക് കൈമാറിയിരിക്കുകയാണ്.




