മലപ്പുറം തിരൂരങ്ങാടി നാട്ടില്‍ നിന്നെത്തുന്ന മക്കളെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയയാള്‍ റെയില്‍ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടിയില്‍ താമസക്കാരനും കൊല്ലം പുന്നല പിറവന്തൂര്‍ സ്വദേശിയുമായ തെക്കേവിള വീട്ടില്‍ എസ്.ഇസ്മായില്‍ റാവുത്തര്‍ (70) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 ന് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇദ്ദേഹം ഏതാനും വര്‍ഷമായി മൂത്തമകള്‍ സജീനയുടെ കൂടെ പരപ്പനങ്ങാടിയിലെ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത്. സജീനയുടെ ഭര്‍ത്താവ് മുഹമ്മദ് സഹീര്‍ സുഖമില്ലാതെ കോട്ടയ്ക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിവരമറിഞ്ഞു മറ്റു മക്കളായ സലീനയും സബീനയും മറ്റൊരു ബന്ധുവും കൂടി കൊല്ലത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് തിരിച്ചിരുന്നു. ഇവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്താമെന്ന് ഇദ്ദേഹം മക്കളോട് പറഞ്ഞിരുന്നു. ഷൊര്‍ണൂരിലെത്തിയപ്പോള്‍ മക്കള്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പിന്നീട് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് റെയില്‍വേ സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് പരുക്കുകളൊന്നുമില്ലാത്തതിനാല്‍ ട്രെയിന്‍ തട്ടിയതല്ലെന്ന നിഗമനത്തിലാണ് കുടുംബം. മരണം എങ്ങനെ സംഭവിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ സൈത്തൂന്‍ ബീവി. മക്കള്‍: സജിന (നഴ്‌സ്, പരപ്പനങ്ങാടി), സലീന, സബീന. മരുമക്കള്‍. മുഹമ്മദ് സഹീര്‍ പരപ്പനങ്ങാടി, റഷീദ് പുനലൂര്‍, താജുദ്ദീന്‍ ആയൂര്‍.