കാടാമ്പുഴ: റോഡിന് നടുവിലെ വലിയ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതായി പരാതി. കാടാമ്പുഴ ജംഗ്ഷനു സമീപം കാടാമ്പുഴയിൽ നിന്നും കോട്ടയ്ക്കൽ പോകുന്ന വഴിയാണ് അപകടക്കുഴിയുള്ളത്. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്കുള്ള പ്രധാന പാത കൂടിയാണിത്.
കുഴി ഒഴിവാക്കി പോകാൻ വാഹനങ്ങൾ ശ്രമിക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗത്ത് ഗതാഗതക്കുരുക്കും പതിവാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും സ്ഥിര സംഭവമാണ്. മാറാക്കര ഹയർസെക്കൻഡറി സ്കൂൾ, മേൽമുറി എയുപി സ്കൂൾ, കാടാമ്പുഴ എയുപി സ്കൂൾ തുടങ്ങി ഒട്ടേറെ സ്കൂൾ ബസുകളും ഇതുവഴിയാണ് പോകുന്നത്. കാടാമ്പുഴ ജംക്‌ഷനിൽ ജല അതോറിറ്റി പൈപ്പിടാനായി കുഴിച്ച ഭാഗത്തും റോഡ് പൊളിഞ്ഞിരിക്കുകയാണ്. ജംക്‌ഷനിൽനിന്നു പെരിന്തൽമണ്ണയിലേക്കുള്ള റോഡിലും കുഴിയുണ്ട്.
പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം പിഡബ്ല്യുഡി റോഡായതിനാൽ പഞ്ചായത്തിന് ഇടപെടാൻ പരിമിതിയുണ്ടെന്നും മരാമത്ത് വകുപ്പിന് റോഡിന്റെ അവസ്ഥ സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു.