ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം 22 കുഞ്ഞുങ്ങളെയാണ് ഇതുവരെ തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് പുലരിയിൽ ജനിച്ച കുഞ്ഞ് മകൾക്ക് പേര് മന്ത്രി ക്ഷണിച്ചു.
അതേസമയം, ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശം ഉണർത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം വത്തിക്കാനിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി.
ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ പങ്കെടുത്തു. മലപ്പുറം സെൻറ് തോമസ് ഫെറോന ചർച്ചിൽ തിരുപ്പിറവി കുർബാനക്ക് പള്ളി വികാരി ഫാദർ മാത്യു നിരപ്പേൽ നേതൃത്വം നൽകി.