തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. അതേസമയം, സംഭവത്തിൽ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊർജിതമാക്കി.
കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോക്ക് വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെയും പോലീസ് കേസെടുത്തു. പിടിച്ചെടുത്ത 0.22 റിവോൾവർ പ്രവർത്തനക്ഷമമാണെന്നും ഉത്തരേന്ത്യയിൽ നിർമിച്ചതാണെന്നും പോലീസ് വ്യക്തമാക്കി. തോക്കിനുള്ളിലെ വെടിയുണ്ട പഞ്ചാബിൽ നിർമിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ മുത്തച്ഛന്റേതാണ് തോക്കെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ കൈവശം തോക്ക് എങ്ങനെ എത്തിയെന്നതിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും.




