കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസണാണ് കേസെടുത്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ സംശയം. മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, പെൺകുട്ടിയെ പാർപ്പിച്ചിരുന്ന മസാജിങ് സെന്ററിന്റെ ഉടമയെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനാമി പേരിൽ സ്പാ നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ പങ്കും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോവളം ബീച്ച് കേന്ദ്രീകരിച്ചുള്ള അനധികൃത സ്പാ കേന്ദ്രങ്ങളിൽ ഇന്നും പരിശോധന തുടരും. കേസിലെ പ്രധാന പ്രതികളായ പെൺകുട്ടിയുടെ ഇളയമ്മയെയും ഭർത്താവിനെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ ആന്ധ്രാപ്രദേശിൽനിന്നാണ് ഇരുവരെയും കോവളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ചൂഷണം ചെയ്തിട്ടുണ്ടോയെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.




