പ്രിയദർശിനിയും മിഷൻ സമുദ്രയും മുതൽ ബന്ധുനിയമന വിവാദം വരെ; സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ ഇങ്ങനെ

അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോൾ നേട്ടങ്ങളും വിവാദങ്ങളും ഒരുപോലെ ചർച്ചയാക്കി വി.ഡി. സതീശൻ സർക്കാർ. പ്രിയദർശിനി മുതൽ മിഷൻ സമുദ്രയും ഓപ്പറേഷൻ തൂഫാനും മൈ പൊലീസ് സ്റ്റേഷനും വരെ ശ്രദ്ധ നേടിയ പദ്ധതികൾ. അതേസമയം ബന്ധുനിയമനം മുതൽ പി.എം. ശ്രീ വരെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ തീരുമാനങ്ങളും നിരവധിയാണ്. പ്രഖ്യാപനങ്ങൾക്കൊപ്പം തിരുത്തലുകൾക്കും സാക്ഷ്യം വഹിച്ച ആദ്യ 100 ദിവസം.

എന്തൊക്കെയാണ് സർക്കാരിന്റെ നേട്ടങ്ങളും വീഴ്ചകളും?

പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയ യുഡിഎഫ് സർക്കാരിന് ആദ്യ 100 ദിവസം പരീക്ഷണങ്ങളുടേതു കൂടിയായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെ പുതിയ പദ്ധതികൾ കൂടി അവതരിപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോയത്.

സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി ശ്രദ്ധ നേടിയപ്പോൾ, ഗതാഗത മന്ത്രി സി.പി. ജോണിന്റെ സ്ത്രീകൾക്കെതിരായ പരാമർശം വിവാദത്തിന് വഴിവെച്ചു.

കേരളത്തെ ആഗോള മാരിടൈം ഹബ്ബും പ്രധാന പോർട്ട് സിറ്റിയുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള മിഷൻ സമുദ്രയും സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായി. വിദ്യാഭ്യാസ മേഖലയിൽ മുകുളം, പ്രതിഭാശ്രീ, മധുരിതം, താരാപഥം, എ എറൈസ്, അക്വാറ്റി ഫിറ്റ് തുടങ്ങിയ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.

ആഭ്യന്തര വകുപ്പിലും ആദ്യ 100 ദിവസങ്ങളിൽ നിർണായക നീക്കങ്ങളുണ്ടായി. ലഹരിക്കെതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ, പോലീസിന്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച മൈ പൊലീസ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾ ശ്രദ്ധ നേടി.

അന്വേഷണങ്ങളിലും സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചുവെന്ന അവകാശവാദമാണ് ഭരണപക്ഷം ഉയർത്തുന്നത്. എഡിജിപി പി.എം. അജിത്കുമാറിനെതിരായ നടപടി, വീണാ ജോർജിനെതിരായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രതിഷേധവുമായി ബന്ധപ്പെട്ട അന്വേഷണം, പി.എസ്.സി. ക്രമക്കേട് അന്വേഷണം എന്നിവ അതിൽപ്പെടുന്നു.

ശബരിമല സ്വർണക്കൊള്ള ആരോപണത്തിലും അന്വേഷണം ശക്തമാക്കി. നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ മുൻ സർക്കാരിന്റെ കാലത്തെ വിവിധ വിഷയങ്ങളിലേക്കും അന്വേഷണത്തിന്റെ ദിശ നീണ്ടു.

എന്നാൽ പ്രതിപക്ഷത്തിരുന്ന് വിമർശിച്ച കാര്യങ്ങളിൽ തന്നെ അധികാരത്തിലെത്തിയ ശേഷം സർക്കാർ പ്രതിരോധത്തിലായ സംഭവങ്ങളും ആദ്യ 100 ദിവസങ്ങളിൽ ഏറെയുണ്ടായി.

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബന്ധുവിനെ നിയമിച്ചതാണ് ആദ്യ പ്രധാന വിവാദങ്ങളിലൊന്ന്. നിയമനത്തെ ആദ്യം സർക്കാർ പ്രതിരോധിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിയമിതനായ വ്യക്തി രാജിവെച്ചു.

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതും വിവാദമായി. പ്രതിഷേധം ശക്തമായതോടെ പ്ലീഡർക്കും രാജിവെക്കേണ്ടി വന്നു.

മദ്യനയത്തിലും സർക്കാർ വിമർശനം നേരിട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ മുന്നണിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുയർന്നതോടെ തീരുമാനം യുഡിഎഫ് തീരുമാനത്തിന് വിധേയമാക്കുമെന്ന് സർക്കാർ തിരുത്തി.

അധികാരത്തിലെത്തിയാൽ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചിരുന്ന പി.എം. ശ്രീ പദ്ധതിയും സർക്കാരിന് തലവേദനയായി. പദ്ധതിയോടുള്ള സമീപനത്തിൽ വന്ന മാറ്റം ഭരണപക്ഷത്തിനുള്ളിലും വിമർശനങ്ങൾക്ക് ഇടയാക്കി.

അങ്ങനെ, പ്രഖ്യാപനങ്ങളുടെയും പദ്ധതികളുടെയും നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും തിരുത്തലുകളും നിറഞ്ഞതായിരുന്നു വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസം.

പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നത് പോലെ ഭരണം എളുപ്പമല്ലെന്ന തിരിച്ചറിവും ഈ കാലയളവിൽ സർക്കാരിന് ഉണ്ടായി. ഇനി മുന്നിലുള്ളത് പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനൊപ്പം ഉയരുന്ന വിമർശനങ്ങളെ എങ്ങനെ മറികടക്കും എന്നതാണ്.

spot_img

Related news

കണ്ണൂർ എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞു; ആശങ്കയിൽ നാട്ടുകാർ

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന...

ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക സംഘം വാരണാസിയിലേക്ക്; അന്വേഷണം 18-ാം ദിവസത്തിലേക്ക്

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ്...

ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മഴ ശക്തമാക്കുന്നു

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒമ്പത്...

പ്രവാചകന്റെ ജീവിതസന്ദേശവുമായി നാടെങ്ങും നബിദിനാഘോഷം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു....

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട്

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളക്കര.ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസമായ ഉത്രാടം...