മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിൽ നിന്ന് മോട്ടോറുകളും പമ്പ് സെറ്റുകളും മോഷ്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മോട്ടോർ മോഷണവുമായി ബന്ധപ്പെട്ട് ഇരുപതോളം പരാതികളാണ് അരീക്കോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.
കിഴിശ്ശേരി, കാവനൂർ, കിഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15-ലധികം മോട്ടോറുകൾ ഇതിനോടകം മോഷണം പോയെന്നാണ് പരാതി.
പകൽസമയത്ത് ആളില്ലാത്ത വീടുകളും പരിസരങ്ങളും നിരീക്ഷിച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ വെള്ളത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കിണറിലെ മോട്ടോറും പൈപ്പുകളും നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
കിഴിശ്ശേരി, പുളിയക്കോട്, ആക്കപ്പറമ്പ്, എളയൂർ, ഇരുവേറ്റി, വടശ്ശേരി, കുനിയിൽ എന്നിവിടങ്ങളിലാണ് മോട്ടോർ മോഷണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി കോതേരി നാസറിന്റെ വീട്ടിലെയും സമീപത്തെ ഫുട്ബോൾ ടർഫിലെയും കിണറുകളിൽ നിന്ന് മോട്ടോറുകൾ മോഷണം പോയി. കിഴക്കേപറമ്പൻ സലാം, സൈദ്, പുതിയവളപ്പിൽ അലി എന്നിവരുടെ വീടുകളിലും മോഷണശ്രമമുണ്ടായി.
പ്രദേശത്ത് രാത്രികാലങ്ങളിൽ പുറത്തുനിന്നുള്ളവർ എത്തുന്നുണ്ടെന്നും ലഹരിസംഘങ്ങളുടെ സാന്നിധ്യം ശക്തമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ലഹരി ഉപയോഗത്തിനായി നിർമിച്ചതെന്ന് പറയപ്പെടുന്ന ഏറുമാടം നാട്ടുകാർ പൊളിച്ചുനീക്കിയിരുന്നു. ഇവിടെ നിന്ന് സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതായും നാട്ടുകാർ പറഞ്ഞു.
മോഷണം തുടർക്കഥയായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രദേശത്ത് അപരിചിതരുടെ സാന്നിധ്യം പൊലീസ് നിരീക്ഷിച്ചുവരികയാണ്.
മോഷ്ടാക്കളെ പിടികൂടുന്നതിനായി കൊണ്ടോട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്.
ഇതിനിടെ മോഷണം തടയുന്നതിനായി പ്രദേശവാസികളും രാത്രികാല ജാഗ്രതാ സമിതികൾ രൂപീകരിച്ച് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.




