ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. വരുന്ന ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും.
അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കുകയാണെന്നും, തന്റെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബോർഡ് യോഗം ബ്രഹ്മദത്തനെ പുതിയ തന്ത്രിയായി നിയമിക്കാൻ തീരുമാനിച്ചത്.
തുടർന്ന്, ബ്രഹ്മദത്തന് താന്ത്രികവൃത്തിയിൽ പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം അദ്ദേഹം തന്ത്രിയാകാൻ പൂർണ്ണ യോഗ്യനാണെന്ന് വിദഗ്ദ്ധസമിതി ബോർഡിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.




