ന്യൂഡൽഹി: എഐ സാങ്കേതികവിദ്യയും ടെലഗ്രാമും ഉപയോഗിച്ച് വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷനുകളും മാൽവെയർ അടങ്ങിയ APK ഫയലുകളും നിർമ്മിച്ച് രാജ്യത്തെ സൈബർ കുറ്റവാളികൾക്ക് വിതരണം ചെയ്ത കേസിൽ ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ 18-കാരനെ ഗുജറാത്ത് സൂറത്ത് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു.
പ്ലസ് വൺ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച രോഹിത് വീരേന്ദ്ര സിംഗ് ഷാക്യ എന്ന യുവാവാണ് പിടിയിലായത്. 16-ാം വയസുമുതൽ എഐ ടൂളുകളും ടെലഗ്രാമും ഉപയോഗിച്ച് മൊബൈൽ ഫോണുകളുടെ നിയന്ത്രണം കൈക്കലാക്കാനും ബാങ്കിംഗ് വിവരങ്ങൾ ചോർത്താനും കഴിയുന്ന വ്യാജ ആപ്പുകൾ ഇയാൾ വികസിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സൂററ്റിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക PNB One ആപ്പിന് സമാനമായ APK ഫയൽ വാട്ട്സ്ആപ്പിലൂടെ ലഭിച്ച ഒരാൾ അത് ഇൻസ്റ്റാൾ ചെയ്തതോടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുകയും, ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കപ്പെടുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാൺപൂരിലെ ഒരു ഹോട്ടലിൽ നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ഇരകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള മാൽവെയർ ആപ്പും, കുറ്റവാളികൾക്ക് നിയന്ത്രണം ലഭിക്കുന്ന അഡ്മിൻ ആപ്പും ഉൾപ്പെടെ രണ്ട് തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് ഇയാൾ വികസിപ്പിച്ചിരുന്നത്. അഡ്മിൻ ആപ്പ് വഴി ഒ.ടി.പി., ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവ തത്സമയം ചോർത്താൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലായിരുന്നു ഈ സേവനം. വ്യാജ സോഫ്റ്റ്വെയർ തയ്യാറാക്കി നൽകുന്നതിന് 15,000 രൂപയും, തുടർ സേവനങ്ങൾക്ക് പ്രതിമാസം 15,000 രൂപ വീതവും ഈടാക്കിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വിവിധ ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, പ്രമുഖ കമ്പനികൾ എന്നിവയുടെ പേരിൽ വ്യാജ ആപ്പുകളും പേയ്മെന്റ് ലിങ്കുകളും തയ്യാറാക്കി നൽകിയതായും പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സൈബർ കുറ്റകൃത്യ ശൃംഖലയിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.




