മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്ക് സർക്കാർ ആശുപത്രിയിൽ പാമ്പുകടിയേറ്റ് എത്തിയ രോഗിക്ക് അടിയന്തിര ചികിത്സ നൽകിയില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹല തസ്നിക്കാണ് ആശുപത്രി അധികൃതരിൽ നിന്നും ക്രൂരമായ ദുരനുഭവം ഉണ്ടായത്. പാമ്പുകടിയേറ്റ് ചോര ഛർദ്ദിക്കുന്ന അവസ്ഥയിലായിട്ടും ആശുപത്രിയിലെ വനിതാ ഡോക്ടർ വളരെ മോശമായാണ് പെരുമാറിയതെന്ന് ഷഹല പറയുന്നു.
തുടർന്ന് പൊലീസ് ഇടപെട്ടതിന് ശേഷമാണ് രോഗിക്ക് പെയിൻകില്ലറും ഇൻജെക്ഷനും നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായത്. എന്നാൽ ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് അടിയന്തിര ചികിത്സ നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. പാമ്പുകടിയേറ്റ രോഗിയാണെന്ന പരിഗണന പോലും നൽകാതെയാണ് ആശുപത്രി അധികൃതർ പെരുമാറിയത്. നില വഷളായതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി കർശനമായി ഇടപെട്ടതിന് ശേഷമാണ് പ്രാഥമികമായി നൽകേണ്ട ഇൻജെക്ഷനും പെയിൻകില്ലറും നൽകാൻ ഡോക്ടർമാർ തയ്യാറായതെന്നും ഷഹല വ്യക്തമാക്കി.




