തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിൽ ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ഇടതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശിയും രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ അൽ അമീനാണ് (20) ഈ ദാരുണമായ അവസ്ഥയുണ്ടായത്. ആക്രമണത്തിൽ അമീന്റെ ഇടതുകണ്ണിന്റെ കോർണിയയും റെറ്റിനയും പൂർണ്ണമായി തകർന്ന നിലയിലാണ്.
കഴിഞ്ഞ മെയ് 24-നായിരുന്നു ക്യാമ്പസിനെ നടുക്കിയ സംഭവം നടന്നത്. കോളേജ് ഫെസ്റ്റിൽ പങ്കെടുക്കാൻ പുറത്തുനിന്നടക്കം നിരവധി ആളുകൾ എത്തിയിരുന്നു. ഇവർ ക്യാമ്പസിനുള്ളിൽ വെച്ച് ബഹളം ഉണ്ടാക്കിയപ്പോൾ അമീൻ ഇടപെട്ട് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് പുറത്തുനിന്നുള്ള സംഘം അമീനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചത്. അക്രമികളിൽ ഒരാൾ കൂർത്ത ഇടിവള ധരിച്ച് അമീന്റെ മുഖത്ത് ക്രൂരമായി ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദനമേറ്റ അമീനെ തിരുവനന്തപുരം കണ്ണാശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാൽ കണ്ണിന്റെ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അമീനെ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കോളേജ് മാനേജ്‌മെന്റും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശിവജിത്ത്, നിതിൻ, കാശിനാഥ് എന്നിവർക്കും ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെയാണ് വെഞ്ഞാറമൂട് പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമികളുടെ കൃത്യമായ ദൃശ്യങ്ങളും വിവരങ്ങളും കൈമാറിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് വിദ്യാർത്ഥികളും അമീന്റെ കുടുംബവും ആരോപിക്കുന്നു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.




