കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശിയായ യാഷിനെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ അടുത്ത സുഹൃത്തും പ്രധാന കൂട്ടാളിയുമാണ് ഇയാൾ.
ഭൂട്ടാനിൽ നേരിട്ടെത്തി ആഡംബര വാഹനങ്ങൾ കണ്ട് വിലപേശി കരാർ ഉറപ്പിക്കുന്നത് യാഷാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് ഡൽഹിയിലും രാജസ്ഥാനിലും യാഷ് വൻതോതിൽ വാഹനങ്ങൾ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ലക്ഷ്വറി കാറുകൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടത്തിയത്. വിദേശ ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ കസ്റ്റംസ് നടത്തുന്ന ‘ഓപ്പറേഷൻ നുംഖോർ’ എന്ന മിന്നൽ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം പ്രശസ്ത തെന്നിന്ത്യൻ താരം ദുൽക്കർ സൽമാന്റെ ഒരു ആഡംബര വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ മുഖ്യസൂത്രധാരനിലേക്ക് എത്തിനിൽക്കുന്നത്.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വാഹനം കൊണ്ടുവരുമ്പോൾ അടയ്‌ക്കേണ്ട ഭീമമായ ഇറക്കുമതി തീരുവ വെട്ടിക്കാൻ സംഘം വൻ തട്ടിപ്പാണ് നടത്തിയത്. വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ ഇതുവരെ ഏകദേശം 460-ഓളം ആഡംബര വാഹനങ്ങൾ ഇവർ രജിസ്റ്റർ ചെയ്തതായാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം. ഈ അന്താരാഷ്ട്ര വാഹനക്കടത്ത് കേസിൽ ഇതുവരെ ആറുപേരെയാണ് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ യാഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സിനിമാ താരങ്ങൾ അടക്കമുള്ള കൂടുതൽ പ്രമുഖരിലേക്കും മറ്റ് പ്രതികളിലേക്കും എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ.




