കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര: നിർണായക ഉന്നതതല യോഗം നാളെ; മാനദണ്ഡങ്ങൾ നിശ്ചയിക്കും

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ ആലോചന നടക്കുന്നത്. പദ്ധതിക്കെതിരെ കടുത്ത എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി വരും ദിവസങ്ങളിൽ ചർച്ച നടത്തും. വിശദാംശങ്ങളുമായി ഞങ്ങളുടെ പ്രതിനിധി ചേരുന്നു.

അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ ആദ്യ ഗ്യാരന്റി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാർ ഒരുങ്ങുന്നത്. പദ്ധതിയുടെ തീയതി മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഏതൊക്കെ ബസുകളിൽ സൗജന്യമുണ്ടാകും, ജില്ല വിട്ടുള്ള യാത്രകൾക്ക് അനുമതിയുണ്ടാകുമോ, എല്ലാ പ്രായക്കാർക്കും ആനുകൂല്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ നാളെ ഗതാഗത മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടാകും.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ധാരണ. പ്രതിദിനം 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. പദ്ധതി യാഥാർത്ഥ്യമായാൽ കെഎസ്ആർടിസിക്ക് സബ്സിഡിയായി പ്രതിമാസം 60 കോടി രൂപ സർക്കാർ നൽകേണ്ടി വരും. അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിലും, തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിലും മാത്രമാണ് നിലവിൽ സൗജന്യയാത്രയുള്ളത്.

പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് സ്ത്രീ യാത്രക്കാരെങ്കിലും പദ്ധതിക്കെതിരെ രാഷ്ട്രീയ ചർച്ചകളും ശക്തമാണ്. നിലവിൽ ശമ്പളം നൽകാൻ പോലും കോടികൾ സഹായം നൽകുന്ന കെഎസ്ആർടിസിക്ക്, ഈ അധിക തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് സിപിഎം പരിഹസിക്കുന്നു.

മറുഭാഗത്ത് സ്വകാര്യ ബസുടമകളും കടുത്ത ആശങ്കയിലാണ്. സ്ത്രീ യാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസിയിലേക്ക് മാറിയാൽ സർവീസ് നിർത്തേണ്ടി വരുമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകളുമായി പുതിയ ഗതാഗതമന്ത്രി ചർച്ചയ്ക്ക് തയ്യാറെടുക്കുന്നത്.

spot_img

Related news

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനും ദേവസ്വങ്ങൾക്കും നോട്ടീസ്; ജൂൺ 16-നകം മറുപടി നൽകണം

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു....

മന്ത്രിമാർക്ക് വസതികളായി; തർക്കങ്ങൾക്കൊടുവിൽ പമ്പയിൽ ചെന്നിത്തല, സാനഡുവിൽ മുരളീധരൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക്...

ഇന്ധനവിലക്കയറ്റത്തിൽ പൊറുതിമുട്ടി ഡൽഹി; വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം ഓട്ടോ-ടാക്സി പണിമുടക്ക്

തുടർച്ചയായുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ഓട്ടോ-ടാക്സി ജീവനക്കാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച...

‘ഫിഷറീസ് വേണ്ട, ഉന്നത വിദ്യാഭ്യാസം തന്നെ വേണം’; ലീഗ് നേതൃത്വത്തിന് മേൽ അധ്യാപകരുടെയും ഗവേഷകരുടെയും വൻ സമ്മർദ്ദം!

സംസ്ഥാന മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് തന്നെ നിലനിർത്തണമെന്ന...