പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വലിയ മാറ്റങ്ങൾ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ പത്ത് വർഷം മുൻപ് അടച്ചിട്ട സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് അഥവാ ‘സമരഗേറ്റ്’ ഇന്ന് ഔദ്യോഗികമായി തുറന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഇന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ തീരുമാനം.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിരവധി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സാക്ഷ്യം വഹിച്ച സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് നീണ്ട പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തുറക്കുന്നത്. മുൻ സർക്കാർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ചിട്ടിരുന്ന ഗേറ്റിലെ ബാരിക്കേഡുകൾ ഒരു വശത്തേക്ക് മാറ്റി. നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ വാഹനങ്ങൾക്കുമാണ് ഈ ഗേറ്റിലൂടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾ മുൻപത്തെപ്പോലെ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള ഈ ഗേറ്റിന് മുന്നിലാണ് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ-തൊഴിലാളി യൂണിയൻ മാർച്ചുകൾ അവസാനിക്കാറുള്ളത്. ഈ ഗേറ്റിനുള്ളിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലും പ്രവർത്തിക്കുന്നത്.
അതേസമയം, പുതിയ മന്ത്രിമാരുടെ ഓഫീസ് ക്രമീകരണങ്ങളും സെക്രട്ടറിയേറ്റിൽ പൂർത്തിയായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ഇരുവരും ഒരേ നിലയിലിരുന്നാകും ഭരണം നിയന്ത്രിക്കുക.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ്. മുൻപ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോൾ ഉപയോഗിച്ച അതേ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പഴയ ഓഫീസുകൾ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുത്തത്.




