കൊച്ചി കാക്കനാട് അത്താണിയിൽ വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിലാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി പാമ്പ് കുഞ്ഞുങ്ങൾ പ്രത്യക്ഷപ്പെട്ടത്. വനംവകുപ്പ് വൊളന്റിയർ എത്തി ഇവയെ സുരക്ഷിതമായി പിടികൂടിയെങ്കിലും തള്ളപ്പാമ്പ് പരിസരത്തുണ്ടാകാമെന്ന ഭീതിയിലാണ് നാട്ടുകാർ.
ഞായറാഴ്ച രാവിലെയാണ് കാക്കനാട് അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾക്കിടയിൽ ആദ്യം മലമ്പാമ്പ് കുഞ്ഞിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പകൽ സമയത്ത് ഒരെണ്ണത്തിനെ കൂടി കണ്ടെത്തി.
തുടർന്ന് താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രിയോടെ വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ഒന്നിനുപിറകെ ഒന്നായി അഞ്ച് കുഞ്ഞുങ്ങളെ കൂടി കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ‘സർപ്പ്’ വൊളന്റിയർ മുഹമ്മദ് സാദിഖ് അഞ്ച് പാമ്പ് കുഞ്ഞുങ്ങളെയും സുരക്ഷിതമായി പിടികൂടി കുപ്പിയിലാക്കി മാറ്റി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് വലിയ മലമ്പാമ്പിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഈ തള്ളപ്പാമ്പ് വീട്ടുവളപ്പിൽ എവിടെയോ താവളമുറപ്പിച്ച് മുട്ടയിട്ടതാകാമെന്നാണ് നിഗമനം. മുട്ട വിരിഞ്ഞ് അധികം ദിവസമാകാത്ത കുഞ്ഞുങ്ങളായതിനാൽ വലിയ അപകടസാധ്യതയില്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നുമാണ് അധികൃതരുടെ നിലപാട്.
എങ്കിലും, ജനവാസ മേഖലയായതിനാൽ തള്ളപ്പാമ്പ് ഇപ്പോഴും പരിസരത്തുണ്ടാകാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രതയും പരിശോധനയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




