തിരുവനന്തപുരം കോവളത്ത് ചെണ്ടമേള സംഘത്തിന് നേരെ ക്രൂരമായ ആക്രമണം. പിതാവും മക്കളുമടങ്ങുന്ന ആറംഗ സംഘത്തിന് വെട്ടേറ്റു. മുൻ വൈരാഗ്യത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ ഒരു പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
കോവളം കെ.എസ് റോഡ് ചെറുകോണത്താണ് നാടിനെ നടുക്കിയ അക്രമസംഭവം അരങ്ങേറിയത്. ചെണ്ടമേളത്തിന് പോകാനായി സ്ത്രീകളുൾപ്പെടെയുള്ള സംഘം വാഹനത്തിൽ കയറുന്നതിനിടെയാണ് പ്രതികൾ ബൈക്കിലെത്തി അക്രമം അഴിച്ചുവിട്ടത്. യാതൊരുവിധ പ്രകോപനവുമില്ലാതെ വാക്കേറ്റമുണ്ടാക്കിയ പ്രതികൾ, സംഘത്തെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ചാവടിനട സ്വദേശി ഇരുപത്തിനാലുകാരനായ അപ്പൂസ്, ചെറുകോണം സ്വദേശി അമ്പത്തിയഞ്ചുകാരനായ പൊടിയൻ, ഇയാളുടെ മക്കളായ അനീഷ്, രാജേഷ്, അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അപ്പൂസിനെ ക്രൂരമായി മർദ്ദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ ആദ്യം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാപ്പാ കേസ് പ്രതിയും അയാളുടെ മാതാവും സഹോദരിയും അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിൽ. ‘ടവർ വിഷ്ണു’ എന്നറിയപ്പെടുന്ന വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സംഭവത്തിൽ നാലാം പ്രതിയായ തിരുവല്ലം സ്വദേശി ജിത്തുലാലിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നുകാരനായ ജിത്തു ലാൽ കോവളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ആക്രമണത്തിൽ പങ്കാളികളായ അനിക്കുട്ടൻ, കാട അപ്പു എന്നിവരെയും പ്രതിചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രധാന പ്രതികൾക്കായി കോവളം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.




