കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19 വയസ്സുകാരനാണ് രോഗം ബാധിച്ചത്. യുവാവ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
ആലപ്പുഴയിൽ ജോലി ചെയ്തിരുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പിസിആർ (PCR) പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം ബാധിക്കാനുണ്ടായ സാഹചര്യം അഥവാ അമീബ ശരീരത്തിൽ പ്രവേശിച്ച ഉറവിടം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവാവ് എവിടെയെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ചിരുന്നോ എന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടൂർ സ്വദേശിയായ ഒമ്പത് വയസ്സുകാരൻ ഇപ്പോഴും മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.




