‘വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്’; മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ ആശങ്കയുമായി വി. ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിതല ഇടപെടലുകൾ അനിവാര്യമായ സമയത്ത് വകുപ്പിന് നാഥനില്ലാത്തത് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിസഭ അധികാരമേൽക്കാത്തത് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്നു എന്നാണ് മുൻ മന്ത്രിയുടെ വിമർശനം. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മികച്ച മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് വകുപ്പ് മുന്നോട്ട് പോയിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ കലണ്ടറിനെയും കുട്ടികളുടെ ഉപരിപഠന സാധ്യതകളെയും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ, നയപരമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയില്ലാത്തത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെയും ബാധിച്ചേക്കുമെന്ന സൂചനയാണ് മുൻ മന്ത്രി നൽകുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലവില്‍ സംജാതമായിരിക്കുന്നത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമായ സമയമാണിത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇരിക്കെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്.

പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂര്‍ത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തില്‍ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഇല്ലാത്തത് വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സര്‍ക്കാര്‍ എസ്എസ്‌കെയ്ക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകള്‍ വഴി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്‌കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോള്‍ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണ്.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാന്‍ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂ.

spot_img

Related news

പറവൂരിന്റെ പ്രിയപുത്രൻ ഇനി കേരളത്തിന്റെ നായകൻ; വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി...

‘അച്ചടക്കം പാലിച്ചിട്ടും തഴഞ്ഞു’; ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു....

സസ്പെൻസിന് ശുഭപര്യവസാനം; സതീശൻ യുഗം തുടങ്ങുന്നു! കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ ഡൽഹിയിൽ നിന്നെത്തി....

അവസാന നിമിഷം തീരുമാനം മാറ്റി ഹൈക്കമാൻഡ്; മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലല്ല, ഡൽഹിയിൽ!

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഡല്‍ഹിയില്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍...

മലയാള പാട്ടുകളിലൂടെ മലയാളികളുടെ മനംകവർന്ന ഗ്രേഡി ലോങ് അന്തരിച്ചു; സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം

മലയാള ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്...