തൃശ്ശൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ല ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയിലാണ് കേരളം. തുടക്കത്തിൽ പുറത്തുവരുന്ന ലീഡ് നിലകൾ തൃശ്ശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിന്റെ സൂചനയാണ് നൽകുന്നത്. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്ന ജില്ലയിലെ ഏറ്റവും പുതിയ വിവരങ്ങളിലേക്ക്…
തൃശ്ശൂർ ജില്ലയിൽ യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശം പകർന്നു കൊണ്ട് പ്രമുഖ സ്ഥാനാർത്ഥികൾ പലയിടങ്ങളിലും ലീഡ് നിലനിർത്തുകയാണ്.
തൃശ്ശൂർ നഗര മണ്ഡലത്തിൽ മുൻ മേയർ രാജൻ പല്ലൻ വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. ചാലക്കുടിയിൽ സിറ്റിംഗ് എംഎൽഎ സനീഷ് കുമാർ ജോസഫും, ഇരിങ്ങാലക്കുടയിൽ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും യുഡിഎഫിനായി ലീഡ് ഉയർത്തുകയാണ്. കൊടുങ്ങല്ലൂരിൽ എൽഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്തി ഓ.ജെ. ജനീഷ് മുന്നേറുന്നത് ശ്രദ്ധേയമാണ്. മണലൂരിൽ മുൻ എംപി ടി.എൻ. പ്രതാപനും തൃശ്ശൂരിന്റെ രാഷ്ട്രീയ മണ്ണിൽ കരുത്ത് തെളിയിക്കുന്നു.
എന്നാൽ, എൽഡിഎഫ് തങ്ങളുടെ സ്വാധീന മേഖലകളിൽ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഒല്ലൂരിൽ മന്ത്രി കെ. രാജനും, പുതുക്കാട് മണ്ഡലത്തിൽ കെ.കെ. രാമചന്ദ്രനും ചുവപ്പ് കൊടി ഉയർത്തി ലീഡ് ചെയ്യുന്നു. തീരദേശ മേഖലയായ കൈപ്പമംഗലത്ത് വത്സരാജ് നാട്ടുകയിലും, നാട്ടികയിൽ ഗീതാഗോപിയും മുന്നേറ്റം തുടരുകയാണ്. ഗുരുവായൂരിൽ എൻ.കെ. അക്ബറും, വടക്കാഞ്ചേരിയിൽ സേവിയർ ചിറ്റിലപ്പിള്ളിയും എൽഡിഎഫിന് ആശ്വാസം പകരുന്നു. അതേസമയം, ഇടതുകോട്ടയായ ചേലക്കരയിൽ യു.ആർ. പ്രദീപ് നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിത്രം തെളിയേണ്ടതുണ്ട്.
ഏറ്റവും വലിയ ആകാംക്ഷ നിലനിൽക്കുന്നത് കുന്നംകുളത്താണ്. ഇവിടെ പി.ടി. അജയ് മോഹനൻ ലീഡ് ചെയ്യുന്നുണ്ടെങ്കിലും നിമിഷങ്ങൾക്കകം നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. തൃശ്ശൂരിന്റെ ഹൃദയമിടിപ്പ് കൂട്ടി ഓരോ റൗണ്ട് വോട്ടുകൾ എണ്ണുമ്പോഴും ചിത്രം മാറിക്കൊണ്ടിരിക്കുന്നു.
അവസാന ഫലം വരുമ്പോൾ തൃശ്ശൂർ ആർക്കൊപ്പം നിൽക്കും? കാത്തിരിക്കാം.




