തിരൂർ–കൂട്ടായി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇന്ന് വാർത്തകളിൽ ഇടംപിടിക്കുന്നത് സർവീസ് കൊണ്ടല്ല, മറിച്ച് തങ്ങളുടെ യാത്രക്കാരിക്ക് നൽകിയ പുനർജന്മം കൊണ്ടാണ്. യാത്രയ്ക്കിടെ ബോധരഹിതയായ യുവതിയെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ തിരൂർ ജനമൈത്രി പൊലീസ് ആദരിച്ചു.
തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിലാണ് നാടിന് മാതൃകയായ സംഭവം നടന്നത്. താനൂർ സ്വദേശിനിയായ യുവതിക്ക് യാത്രയ്ക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുവതിയുടെ നില വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അഫ്സൽ, കണ്ടക്ടർ യൂനുസ്, ക്ലീനർ ബാബു എന്നിവർ ഒട്ടും വൈകിയില്ല. മറ്റൊരിടത്തും നിർത്താതെ ബസ് നേരെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയതോടെ യുവതി അപകടനില തരണം ചെയ്തു. ബസ് ജീവനക്കാരുടെ ഈ സമയോചിത ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇവരുടെ മാതൃകാപരമായ പ്രവർത്തനത്തെ തിരൂർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
ശിഹാബ് തങ്ങൾ ആശുപത്രി സെക്രട്ടറി അഡ്വ. മുഹമ്മദ് മുസ്സമിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജസ്റ്റിൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഇത്തരം മനുഷ്യസ്നേഹപരമായ ഇടപെടലുകൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
ജീവൻ രക്ഷിക്കാൻ ട്രാഫിക് നിയമങ്ങൾ പോലും മറന്ന് പാഞ്ഞ ബസ് ജീവനക്കാർക്ക് സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




