മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം ഘട്ടത്തിലേക്ക്. ലഹരിവിരുദ്ധ പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.
ഓരോ വാർഡിലും ‘തൂഫാൻ ജനജാഗ്രത സമിതി’ രൂപീകരിച്ചാകും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പദ്ധതി ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11,677 കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ വാർഡുകളിലേക്ക് നേരിട്ടിറങ്ങുകയാണ് തൂഫാൻ വാരിയേഴ്സ്. പോലീസിന് സ്വതന്ത്രമായി നീതി നിർവഹിക്കാൻ അവസരം നൽകിയതാണ് പദ്ധതിയുടെ വിജയത്തിന് കാരണമെന്നും സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നത് ഒന്നാം ഘട്ടത്തിലെ പ്രധാന നേട്ടമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പുറമെ ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായുള്ള ഓപ്പറേഷൻ തൂഫാനിലെ അടുത്ത ഘട്ടം നിർണായകമാണെന്നും ലഹരിക്കെണിയിൽ വീണവരെ ‘തൂഫാൻ കെയർ’ പദ്ധതിയിലൂടെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ എസ്‌കെഎൻ ഫോർട്ടി കേരളയാത്രയാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് വഴിയൊരുക്കിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.




