അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആറാം പൂരമായ ചൊവ്വാഴ്ച മഹാദേവന് ഉത്സവ ബലികർമ്മങ്ങൾ നടത്തി. ഉച്ചയ്ക്ക് 12.30-ന് തുടങ്ങിയ ബലിപൂജകൾ മണിക്കൂറുകൾ നീണ്ടു. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തന്ത്രി പന്തലക്കോട്ടത്ത് സജി നമ്പൂതിരി ബലികർമ്മങ്ങൾ നിർവഹിച്ചു. ആനപ്പുറത്ത് എഴുന്നള്ളിച്ച ശിവന്റെ തിടമ്പിന്റെ സാന്നിധ്യത്തിൽ ചുറ്റമ്പലത്തിലെ ബലിക്കല്ലുകളിൽ പ്രത്യേക പൂജകൾ നിർവഹിച്ചു. ബുധനാഴ്ച ഭഗവതിയുടെ ഉത്സവബലി നടക്കും. രാവിലെ തട്ടകം തിരുവാതിരകളിസംഘം അവതരിപ്പിച്ച തിരുവാതിരകളി, ആവണി കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി, ശിവരഞ്ജിനി നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം എന്നിവയായിരുന്നു വിശേഷാൽ കലാപരിപാടികൾ. പകൽ 11-ാമത്തെയും രാത്രി 12-ാമത്തെയും ആറാട്ടുകൾ നടന്നു. സന്ധ്യക്ക് കലാമണ്ഡലം മേജർ സെറ്റിന്റെ നൃത്ത നൃത്യങ്ങളായിരുന്നു പ്രധാന പരിപാടി.
ഏഴാം പൂര ദിവസമായ ഇന്ന് കൈകൊട്ടിക്കളി (പ്രതീക്ഷ കൈകൊട്ടിക്കളി സംഘം) രാവിലെ 7.00, അക്ഷര ശ്ലോകസദസ്സ് (പരമേശ്വരൻ നമ്പീശനും സംഘവും) 7.30, തിരുവാതിരകളി(പുളിങ്കാവ് അയ്യപ്പക്ഷേത്ര മാതൃസമിതി) 8.00, പന്തീരടിപൂജ 8.30, കൊട്ടിയിറക്കം(13-ാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) 9.30, കൊട്ടിക്കയറ്റം 11.00, ഭഗവതിക്ക് ഉത്സവബലി 12.30, ചാക്യാർകൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, പാഠകം, നാദസ്വരം 5.00, തായമ്പക(ചെറുതാഴം ചന്ദ്രൻ) 7.00, ശിവന്റെ ശ്രീഭൂതബലി 8.30, ഇരട്ട കേളി 8.30, കൊട്ടിയിറക്കം(14-ാമത്തെ ആറാട്ട്) 9.30, ആറാട്ടുകടവിൽ ഇരട്ടതായമ്പക(മനുശങ്കർ, വിഷ്ണുപ്രസാദ് കല്ലുവഴി) 10.00, കൊട്ടിക്കയറ്റം 11.00, തുടർന്ന് കിഴക്കേനടയിൽ കമ്പം കൊളുത്തൽ.