തിരുവനന്തപുരം: വെമ്പായം ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിലുണ്ടായ ഭീതിജനകമായ റൈഡ് അപകടത്തിൽ പാർക്ക് അധികൃതർക്കെതിരെയും മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചകൾക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് സ്ഥലം എം.എൽ.എ ജി.ആർ. അനിൽ. അപകടം നടക്കുമ്പോൾ അവിടെ ഒരു ആംബുലൻസ് സൗകര്യം പോലും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞതായി എം.എ.ൽ.എ മാധ്യമങ്ങളോട് വ്യക്തമാക്കി.
രക്തം വാർന്നു കിടന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാലിന്യ വണ്ടിയാണ് ഉപയോഗിച്ചതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും, മതിയായ സുരക്ഷാ ഉപകരണങ്ങളോ കൃത്യമായ പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരോ ഈ പാർക്കിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർക്ക് നടത്തുന്ന ഉടമകളെക്കുറിച്ചോ അതിന്റെ മാനേജ്മെന്റ് തലപ്പത്ത് ഇരിക്കുന്നത് ആരാണെന്നതിനെക്കുറിച്ചോ യാതൊരുവിധ സുതാര്യതയുമില്ലെന്ന് ജി.ആർ. അനിൽ തുറന്നടിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് ആളുകൾ വിനോദത്തിനായി എത്തുന്ന ഒരു സ്ഥലത്ത് ഇത്തരമൊരു ദുരന്തം ഉണ്ടായത് അതീവ ഗൗരവമേറിയ കാര്യമാണെന്ന് എം.എൽ.എ പറഞ്ഞു. സുരക്ഷാ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകണം. ഈ വിഷയത്തിൽ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും മാനദണ്ഡങ്ങളും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഇനി ഈ സ്ഥാപനം പ്രവർത്തിപ്പിക്കാവൂ എന്ന് ഈ സംഭവം മാനേജ്മെന്റിനെ ബോധ്യപ്പെടുത്തുകയാണെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.




