ഫ്‌ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗര്‍ഭിണിയായ സ്ത്രീയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഫ്‌ലോറിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അല്‍വെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയുടെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ ശേഷമായിരുന്നു ആക്രമണം.
ഭര്‍ത്താവിനും 5 വയസുകാരിയായ മകള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായാണ് യുവതി ഫ്‌ലോറിഡയിലെ കിസ്സിമ്മീയിലെത്തിയത്. ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ നിന്ന് ഇവര്‍ ഒരു പിസ്സ ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെലിവറി ഗേളിന് യുവതി ടിപ്പായി നല്‍കിയത് 2 ഡോളറാണ്. ഇതോടെ പ്രകോപിതയായ അല്‍വെലോ യുവതിയുടെ മുറിയില്‍ നിന്ന് മടങ്ങിയ ശേഷം മറ്റൊരാളുമായി തിരികെ വരികയായിരുന്നു. അല്‍വെലോയുടെ കയ്യില്‍ കത്തിയും ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ പക്കല്‍ തോക്കുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗര്‍ഭിണിയായ യുവതിയെ പ്രതി 14 തവണ കുത്തിയതായാണ് വിവരം. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലപാതകശ്രമം, ആക്രമണം, തോക്ക് ഉപയോഗിച്ച് വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അല്‍വെലോയ്ക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.