ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം. ശുക്രന്‍, ശനി, ചന്ദ്രന്‍ എന്നിവയുടെ ഒരുമിച്ചുള്ള ഈ സംഗമത്തെ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ മാസം 25 ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവ ദൃശ്യമാവുക. ഇവര്‍ മൂവരും ചേര്‍ന്ന് സ്‌മൈലി രൂപത്തില്‍ ആണ് പ്രത്യക്ഷപ്പെടുക. മുഖത്തെ രണ്ട് കണ്ണുകളായി ശുക്രനും ശനിയും എത്തുമ്പോള്‍ പുഞ്ചിരി സമ്പൂര്‍ണ്ണമാക്കാന്‍ ചന്ദ്രക്കലയും കൂടി ചേരും. ഇങ്ങനെ ഇവര്‍ മൂവരും ചേര്‍ന്ന് ആകാശത്ത് പുഞ്ചിരി തീര്‍ക്കും.
തെളിഞ്ഞ ആകാശമാണെങ്കില്‍ ലോകത്തെല്ലായിടത്തും ഇവ ദൃശ്യമാകുമെന്നാണ് വാനനിരീക്ഷകരുടെ അഭിപ്രായം. നഗ്‌നനേത്രങ്ങള്‍ കൊണ്ടും ഇവ കാണാന്‍ സാധിക്കും. ബഹിരാകാശത്ത് രണ്ട് വസ്തുക്കള്‍ അടുത്തടുത്തായി വരുന്നതിനെയാണ് കണ്‍ജങ്ഷന്‍ എന്ന് പറയുന്നത്. എന്നാല്‍ രണ്ട് ഗ്രഹങ്ങളും ഒരു ഉപഗ്രഹവും ഇവിടെ ഒത്തുചേരുകയാണ് ഇതിനെയാണ് ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ എന്ന് പറയുന്നത്. ശുക്രനും ശനിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു എന്ന് പ്രത്യേകത കൂടി ഈ പ്രതിഭാസത്തിനുണ്ട്. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് മാത്രമേ ഇവ കാണാന്‍ സാധിക്കൂ അതായത് ഇവ ആകാശത്ത് വളരെ കുറച്ച് സമയമാണ് ദൃശ്യമാകുകയുള്ളു.