തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീട്ടിലും ദേശീയപതാക ഉയര്‍ത്തും. ആഗസ്ത് 13 മുതല്‍ 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. രാത്രിയില്‍ പതാക താഴ്‌ത്തേണ്ടതില്ല. ഇതിനായി ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
ആഗസ്ത് 12നുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴി എല്ലായിടത്തും എത്തിക്കാനാണ് ശ്രമം. പറ്റാത്തിടത്ത് തദ്ദേശസ്ഥാപനം ക്രമീകരണമുണ്ടാക്കും. എല്ലായിടത്തും പതാക ഉയര്‍ത്തിയെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. ഗ്രന്ഥശാലകളും ക്ലബ്ബുകളും പരിപാടി ആസൂത്രണം ചെയ്യണം.
15ന് സ്‌കൂളുകളില്‍ ഘോഷയാത്രയാകാം. മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണം. 13 മുതല്‍ ഔദ്യോഗിക പരിപാടി നടത്തണം. വിദ്യാര്‍ഥികളെ സ്വാതന്ത്ര്യസമര കേന്ദ്രം സന്ദര്‍ശിപ്പിക്കണം, സ്വാതന്ത്ര്യത്തിലെ തിളക്കമാര്‍ന്ന പോരാട്ടങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യാനും തീരുമാനമായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണം. ആവശ്യമായ പതാകയുടെ നിര്‍മാണം കുടുംബശ്രീ ആരംഭിച്ചു. ഖാദി, കൈത്തറി തൊഴിലാളികളുടെ സേവനവും ഉറപ്പാക്കും.